തിരയുക

പോളണ്ടിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട നിണസാക്ഷികളായ സന്ന്യാസിനികൾ പോളണ്ടിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട നിണസാക്ഷികളായ സന്ന്യാസിനികൾ  (Montage: Norbert Block/Fotos: Katharinenschwestern)

പോളണ്ടിൽ നിണസാക്ഷികളായ പതിനഞ്ചു സന്ന്യാസിനികൾ വാഴ്ത്തപ്പെട്ടവർ!

വിശുദ്ധ കത്രീനായുടെ സന്ന്യാസിനീസമൂഹത്തിലെ അംഗങ്ങളായ പതിനഞ്ചു രക്തസാക്ഷികളെ മെയ് 31-ന് ശനിയാഴ്ച (31/05/25) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 1945 ജനുവരി 22-നും നവമ്പർ 25-നുമിടയ്ക്ക് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണ് ഇവർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോളണ്ടിൽ രണ്ടാം ലോകമഹായുദ്ധകാലട്ടത്തിൽ വിശ്വാസത്തെപ്രതി ജീവൻ ഹോമിച്ച 15 സന്ന്യാസിനികളെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔപചാരികമായി ചേർത്തു.

വിശുദ്ധ കത്രീനായുടെ സന്ന്യാസിനീസമൂഹത്തിലെ അംഗങ്ങളാണ് മെയ് 31-ന് ശനിയാഴ്ച (31/05/25) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട സന്ന്യാസിനി സഹോദരി മരീ ക്രിഷ്സ്റ്റഫ് ക്ലൊംഫാസ് സഹസന്ന്യാസിനികളും.

പോളണ്ടിലെ ബ്രനിയേവൊയിൽ,  വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ലിയൊ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

ഈ പതിനഞ്ചു സന്ന്യാസിനികളും 1945 ജനുവരി 22-നും നവമ്പർ 25-നുമിടയ്ക്കാണ് വധിക്കപ്പെട്ടത്. ഇവരിൽ ചിലർ ഉടൻ തന്നെയും മറ്റു ചിലർ പീഢനങ്ങളേറ്റതിൻറെ ഫലമായി പിന്നീടും മരണമടയുകയായിരുന്നു.

നിരീശ്വരവാദത്താലും കമ്മ്യൂണിസ്റ്റ് ആശയങ്ങളാലും പൂരിതരായ മേധാവികളും പടയാളികളും അടങ്ങിയ ചെമ്പട പോളണ്ടിൽ ഇരച്ചുകയറിയ ഒരു കാലഘട്ടത്തിലാണ് ഇവരെല്ലാം വധിക്കപ്പെട്ടത്.

മതവിരോധികളുടെ ഇടയിൽ നിന്നു പലായനം ചെയ്യാൻ കഴിയുമായിരുന്നിട്ടും  ഈ സന്ന്യാസിനികൾ തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടവരെ സേവിക്കുന്നതിനായി, രോഗികളുടെയും കുഞ്ഞുങ്ങളുടെയും അനാഥരുടെയും ചാരത്തായിരിക്കുന്നതിനായി, ജീവന് അപകടമുണ്ടെന്നറിഞ്ഞിട്ടും അത് അവഗണിച്ച്, തങ്ങളുടെ സന്ന്യസ്ത സമർപ്പണത്തോടു അവസാനം വരെ വിശ്വസ്തപുലർത്തി അവിടെ നിലകൊള്ളുകയായിരുന്നു.

ദരിദ്രരെയും പരിത്യക്തരെയും രോഗികളെയും പരിപാലിക്കുകയെന്നതാണ് ഈ നവവാഴ്ത്തപ്പെട്ടവർ അംഗങ്ങളായതും കന്യകയും നിണസാക്ഷിയുമായ വാഴ്ത്തപ്പെട്ട റെജീന പ്രൊത്ത്മാൻ, പോളണ്ടിൽ, 1571-ൽ സ്ഥാപിച്ചതുമായ സന്ന്യാസിനി സമൂഹത്തിൻറെ സിദ്ധി. വിദ്യഭ്യാസ-തൊഴിൽ മേഖലകളിലും, വിശിഷ്യ, യുവതയ്ക്കിടയിൽ, ഈ സന്ന്യാസിനി സമൂഹം പ്രവർത്തനനിരതമാണ്.

പോളണ്ടിനു പുറമെ, ഇറ്റലി, ജർമ്മനി, ലിത്വാനിയ, ബെലറുസ്, റഷ്യ, ബ്രസീൽ, തോഗൊ, കാമെറൂൺ, ബെനിൽ, ബുർക്കീനൊ ഫാസൊ, ഫിലപ്പീൻസ്, ഹൈറ്റി എന്നിവിടങ്ങളിൽ ഈ സന്ന്യാസിനി സമൂഹത്തിൻറെ സാന്നിധ്യമുണ്ട്.  

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 മേയ് 2025, 12:58